News

അക്ഷരമുറ്റം ഉപജില്ലാമത്സരം ഒക്ടോബര്‍ 10 ന്.

Friday 16 October 2015

ഡ്രൈ ഡേ

         ലോക കൈ കഴുകല്‍ ദിനമായ 15.10.2015 ന് ഉച്ചയ്ക്ക് ശേഷം  മൂന്നാം ക്ലാസിലെ വൃത്തി നമ്മുടെ ശക്തി എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി  സ്കൂള്‍ പരിസരം ശുചീകരിച്ചുകൊണ്ട്  കുട്ടികള്‍ ഡ്രൈ ഡേ ആചരിച്ചു. കുട്ടികള്‍ സ്കൂള്‍ പറമ്പിലെ എല്ലാവിധ മാലിന്യങ്ങളും നീക്കം ചെയ്തു. കൂടാതെ ഇനിമുതല്‍ എല്ലാ വ്യാഴാഴ്ചയും  സ്കൂളിലും എല്ലാ ഞായറാഴ്ചയും  അവരവരുടെ വീടുകളിലും ഡ്രൈ ഡേ ആചരിക്കുമെന്ന്  കുട്ടികള്‍ സ്വയം തീരുമാനമെടുത്തു.

Thursday 15 October 2015

ലോക കൈകഴുകല്‍ ദിനം,ലോക വിദ്യാര്‍ഥിദിനം

രാവിലെ 9.30 ന്  സ്കൂള്‍ അസംബ്ലി കൂടി. ദിനാചരണത്തിന്റെ പ്രത്യേകതകള്‍,പ്രാധാന്യം എന്നിവ കുട്ടികളെ ബോധ്യപ്പടുത്തി. സ്കൂള്‍ ഹെഡ് മിസ്ട്രസ്  ശ്രീമതി രാജേശ്വരി ടീച്ചര്‍ കുട്ടികളെ അഭിസംബോധനചെയ്ത്  സംസാരിച്ചു. രോഗങ്ങളുടെ കലവറയായ ഇന്നത്തെ കാലത്ത്  കൈ കഴുകല്‍ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നതിനെകുറിച്ചും ടീച്ചര്‍ കുട്ടികളോട് സംസാരിച്ചു. കൂടാതെ ഇന്നത്തെ ദിനത്തിന്റെ മറ്റൊരു പ്രത്യേകതയായ ലോകവിദ്യാര്‍ഥിദിനത്തെകുറിച്ചും അന്തരിച്ച മുന്‍ രാഷ്ട്രപതി ശ്രീ എ.പി.ജെ അബ്ദുള്‍ കലാമിനെ കുറിച്ചും ടീച്ചര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ശ്രീ വാസുദേവന്‍മാഷിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും സൈബര്‍ സുരക്ഷാ പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് ആരോഗ്യപരിപാലനത്തില്‍ ശുചിത്വത്തിനുള്ള പ്രാധാന്യം എന്താണെന്നും  നാം പാലിക്കേണ്ട ശുചിത്വ ശീലങ്ങള്‍ എന്തൊക്കെയാണെന്നും ശ്രീമതി പ്രേമലത ടീച്ചര്‍ കുട്ടുകള്‍ക്ക് പറഞ്ഞുകൊടുത്തു.
            കൈ കഴുകല്‍ ദിനത്തില്‍ കൈ കഴുകലിന്റെ ഏഴു ഘട്ടങ്ങള്‍ എന്തൊക്കെയാണെന്ന്  വിശദീകരിച്ചുകൊണ്ട്  സ്കൂള്‍ ഹെല്‍ത്ത് നഴ്സ് ശ്രീമതി കെ ഓമന ഒരു ബോധവല്ക്കരണക്ലാസുതന്നെ  കുട്ടികള്‍ക്ക് എടുത്തു കൊടുത്തു. തുടര്‍ന്ന് എല്ലാ കുട്ടകളും അധ്യാപകരും  നഴ്സ് ഓമനയുടെ നേതൃത്വത്തില്‍  ഏഴ്  കൈ കഴുകല്‍ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ  കൈ കഴുകി , പ്രതിജ്ഞയെടുത്തു. പരിപാടിയില്‍ ഉടനീളം പി.ടി.എ പ്രസിഡണ്ട്  ശ്രീമതി ഓമനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. 11.30  മുതല്‍ ശ്രീമതി ഹേമടീച്ചറുടെ നേതൃത്വത്തില്‍  ശുചിത്വം എന്ന വിഷയത്തില്‍  ചിത്രരചനാ,പോസ്റ്റര്‍രചനമത്സരങ്ങളും നടന്നു.  മത്സരത്തില്‍  അഖില്‍ ചന്ദ്രന്‍, ഫാത്തിമത്ത് സഹ് ല,നയന.കെ, റസ്മീന കെ എന്നിവര്‍  സമ്മാനാര്‍ഹരായി.







ഗാന്ധിജയന്തി ദിനം


ഒക്ടോബര്‍ 2 ഗാന്ധിജയന്തി  സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെതന്നെ കുട്ടികള്‍ക്ക് അസംബ്ലി നടത്തി. എച്ച്.എം അസംബ്ലിയെ അഭിസംബോധനചെയ്ത് സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് സ്കൂള്‍ പരിസരം വൃത്തിയാക്കി. കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു.കൃഷിഭവന്‍ മുഖേന ലഭിച്ച പച്ചക്കറി വിത്തുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു.

Monday 5 October 2015

വയോജനദിനാചരണം



      ഒക്ടോബര്‍ 01, ലോകവയോജനദിനം  സ്കൂളില്‍ വിപുലമായി ആഘോഷിച്ചു. സ്കൂളില്‍ നിന്നും മുന്‍പ് വിരമിച്ച രണ്ട് പ്രധാന അധ്യാപകരെ ആദരിക്കല്‍ ചടങ്ങായിരുന്നു പ്രധാനം. രാവിലെ 11 മണിക്ക് പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട്  ശ്രീമതി ഓമനകുമാരിയുടെ അധ്യക്ഷതയില്‍  സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി രാജേശ്വരി ടീച്ചര്‍ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ശ്രീമതി പി ഗംഗ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് മുന്‍ ഹെഡ് മാസ്റ്റര്‍ ശ്രീ കുഞ്ഞിരാമന്‍മാഷിനെ ശ്രീമതി പി ഗംഗയും  മുന്‍ ഹെഡ് മിസ്ട്രസ് ശ്രീമതി ഭാര്‍ഗ്യവിടീച്ചറിനെ എച്ച്.എം ശ്രീമതി രാജേശ്വരിടീച്ചറും  പൊന്നാട അണിയിച്ച്  ആദരിച്ചു. ശ്രീ വാസുദേവന്‍ മാഷും ശ്രീമതി പ്രേമലതടീച്ചറും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.  ആദരിക്കപ്പെട്ടവരുടെ മറുപടിപ്രസംഗത്തിനുശേഷം  ശ്രീമതി ഹേമടിച്ചര്‍ ചടങ്ങിന് നന്ദി പറഞ്ഞു.കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ചടങ്ങ് മികവുറ്റതാക്കി.ചടങ്ങില്‍ വയോജനദിന പ്രതിജ്ഞയെടുത്തു.

Tuesday 25 August 2015

ഓണാഘോഷം

21.08.2015  വെള്ളി
സ്കൂളില്‍ ഓണപ്പരിപാടി ഗംഭീരമായി ആഘോഷിച്ചു.രാവിലെ തന്നെ കുട്ടികള്‍ വര്‍ണപ്പൂക്കളുമായി സ്കൂളിലെത്തി.
ഓരോ ക്ലാസിലും കുട്ടികള്‍ മത്സരിച്ച് പൂക്കളമൊരുക്കി.ഓണക്കളികളും പാട്ടുകളും ഒക്കെയായി ആനന്ദത്തിലായിരുന്നു.അമ്മമാരും  അദ്യാപകരും നാട്ടുകാരും ചേര്‍ന്ന്  വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.
പപ്പടവും പാല്‍പ്പായസവും കൂട്ടി സദ്യയുണ്ട കുട്ടികള്‍ ഓണാഘോഷം നന്നായി ആസ്വദിച്ചു.







സ്വാതന്ത്ര്യദിനാഘോഷം




    15.08.2015  ,ശനി 
ഈ വര്‍ഷത്തെ  സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപികയുടെ അഭാവത്തില്‍ സീനിയര്‍ അസിസ്റ്റന്റ്  ശ്രീ  വാസുദേവന്‍മാഷ്  രാവിലെ അസംബ്ലിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വാസുദേവന്‍ മാഷ്  സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ട്  ശ്രീമതി ഓമനകുമാരിയുടെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. മെമ്പര്‍ ശ്രീ ടി. നാരായണന്‍ ,മുന്‍ എച്ച്.എം ശ്രീമതി ഭാര്‍ഗ്യവി ടീച്ചര്‍,വിവിധക്ലബ്  ഭാരവാഹികള്‍,ശ്രീമതി ഹേമ വി.പി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ സ്കൂളിലെ നാലാം ക്ലാസില്‍ നിന്നും ഏറ്റവും മികച്ച മാര്‍ക്ക് കരസ്ഥമാക്കിയ അശ്വതി എ.വി എന്നകുട്ടിക്ക്  സന്നദ്ധസംഘടനയായ  സൗഹൃദവേദി പാക്കം വകയായി എന്റോവ്മെന്റും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഘടനാ പ്രോഗ്രാംകമ്മിറ്റി അംഗങ്ങളായ ശ്രീ വിനോദ്കുമാര്‍,ശ്രീ രാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.മാതൃസമിതി പ്രസിഡണ്ട് ശ്രീമതി ടി. ഗിരിജ പരിപാടിക്ക്  നന്ദി പറഞ്ഞു. കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. ഉച്ചയ്ക്ക് 12 മണിയോടെ കുട്ടികള്‍ക്ക്  പായസവിതരണവും നടത്തി.

Monday 24 August 2015

ആരോഗ്യബോധവല്‍ക്കരണക്ലാസ്

      11.08.2015, ചൊവ്വ 
രാവിലെ  11 മണിക്ക് സ്കൂളില്‍ ജനറല്‍ബോഡിയോഗം നടന്നു. ആരോഗ്യബോധവല്‍ക്കരണം എന്നതായിരുന്നു പ്രധാന അജണ്ട. ഹെഡ് മിസ്ട്രസ്  ശ്രീമതി രാജേശ്വരി ടീച്ചര്‍ പരിപാടിക്ക് സ്വാഗതം ആശംസിച്ച്  സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട്  ശ്രീമതി  ഓമനകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്  പള്ളിക്കര പി.എച്ച്.സി
ഹെല്‍ത്ത്  ഇന്‍സ്പെക്ടര്‍ സ്കൂളിലെ കുട്ടികളേയും രക്ഷിതാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ട്  ക്ലാസ് ആരംഭിച്ചു.
അനുദിനം  വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചവ്യാധികളെകുറിച്ചും അവയുടെ കാരണങ്ങളെകുറിച്ചും പിടിപെടാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും വിശദവും വ്യക്തവുമായിരുന്നു ക്ലാസ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശുചിത്വം പാലിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.ഏകദേശം 45 മിനുട്ടോളം സംശയങ്ങളും സംശയനിവാരണങ്ങളും ചര്‍ച്ചകളും ഒക്കെയായി ക്ലാസ്  നീണ്ടുനിന്നു. തുടര്‍ന്ന്  സ്വാതന്ത്ര്യദിനാഘോഷം,ഓണപ്പരിപാടി  എന്നിവ കൊണ്ടാടുന്നതിനുവേണ്ടിയുള്ള ആലോചനകള്‍ക്കുശേഷം
12.30 ഓടെ യോഗം അവസാനിച്ചു. സ്റ്റാഫ്  സെക്രട്ടറി ശ്രീ വാസുദേവന്‍മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു.

Sunday 9 August 2015

ചാന്ദ്രദിനം

           ജുലൈ 21 ചാന്ദ്രദിനം സ്കൂളില്‍ ആഘോഷിച്ചു. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഓരോ അധ്യാപകരും കുട്ടികളോട് സംസാരിച്ചു. ഉച്ചയ്ക്ക് ചാന്ദ്രദിനക്വിസ്  നടത്തി.അനന്യ.വി,അഖില്‍ചന്ദ്രന്‍.സി എന്നീ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം
ശ്യാം പ്രകാശിനായിരുന്നു. മൂന്നു മണിക്കു ശേഷം ചാന്ദ്രയാത്ര,നാസ എന്നീ സി.ഡികളുടെ പ്രദര്‍ശനം
നടത്തി.

Sunday 19 July 2015

ജനറല്‍ ബോഡി യോഗം 2015-16

          09.07.2015,വ്യാഴം
                 ഈ വര്‍ഷത്തെ സ്കൂള്‍ ജനറല്‍ ബോഡി യോഗം ജൂലൈ 09 വ്യാഴാഴ്ച  ഉച്ചയ്ക്ക്  2.30ന്  സ്കൂളില്‍  വെച്ച് നടന്നു. സ്കൂള്‍ ഹെഡ് മിസ്ട്രസ്  ശ്രീമതി രാജേശ്വരി.കെ.എന്‍.  സ്വാഗതം പറഞ്ഞു. 
പി.ടി.എ പ്രസിഡണ്ട്  ശ്രീ വി.രാഘവന്റെ  അധ്യക്ഷതയില്‍  വാര്‍ഡ് മെമ്പര്‍  ശ്രീമതി  പി.ഗംഗ  യോഗം
ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  സീനിയര്‍ അസിസ്റ്റന്റ്  ശ്രീ  വാസുദേവന്‍മാഷ്  റിപ്പോര്‍ട്ടും വരവു ചെലവ്  കണക്കും അവതരിപ്പിച്ചു.ചര്‍ച്ചയ്ക്കുശേഷം  അംഗങ്ങള്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും കയ്യടിച്ച് അംഗീകരിച്ചു.
തുടര്‍ന്ന്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലായിരുന്നു.അതിനുമുമ്പുതന്നെ  നിലവിലെ  പി.ടി.എ പ്രസിഡണ്ട്  സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.
              ഇരുപതംഗ  പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. അവരില്‍നിന്ന്  പി.ടി.എ പ്രസിഡണ്ടായി ശ്രീമതി സി.ഓമനകുമാരിയേയും  വൈസ് പ്രസിഡണ്ടായി  ശ്രീമതി  ശ്രീദേവിയേയും മാതൃസമിതി പ്രസിഡണ്ടായി  ശ്രീമതി  ടി.വി .ഗിരിജയേയും  തെരഞ്ഞെടുത്തു. പുതിയ പി.ടി.എ പ്രസിഡണ്ട്  നന്ദി പറഞ്ഞതോടെ  യോഗം പിരിച്ചുവിട്ടതായി അധ്യക്ഷന്‍ അറിയിച്ചു.

Saturday 27 June 2015

കെട്ടിടോദ്ഘാടനം

 
26.06.2015, വെള്ളി ഉച്ചയ്ക്ക്  2.30 ന്  ബഹു. എം.പി യുടെ അഭാവത്തില്‍  ഉദുമ എം.എല്‍.എ ,ശ്രീ .കെ.കുഞ്ഞിരാമന്‍ അവര്‍കള്‍  നാടമുറിച്ചും  നിലവിളക്ക് കൊളുത്തിയും  പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ  ഉദ്ഘാടനകര്‍മം  നിര്‍വഹിച്ചു. മെമ്പര്‍ ശ്രീ.ടി.നാരായണന്‍ പരിപാടിക്ക്  സ്വാഗതം ആശംസിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍  അധ്യക്ഷത വഹിച്ചു. കെട്ടിടത്തിനായി ഫണ്ട്  അനുവദിച്ചുതന്ന  എം.എല്‍.എ,നിര്‍മാണം ഏറ്റെടുത്ത്  പൂര്‍ത്തിയാക്കിത്തന്ന കോണ്‍ട്രാക്ടര്‍ എന്നിവര്‍ക്ക്
ഉപഹാരം  നല്‍കി ആദരിച്ചു. പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്, മെമ്പര്‍മാര്‍ ,മുന്‍ ഹെഡ് മാസ്റ്റര്‍മാര്‍ ,
നാട്ടിലെ പ്രമുഖര്‍ ,ക്ലബ്  ഭാരവാഹികള്‍  തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ച്  സംസാരിച്ചു. സ്കൂള്‍  ഹെഡ് മിസ്ട്രസ്  ശ്രീമതി  രാജേശ്വരി ടീച്ചര്‍  ചടങ്ങിന്  നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്തു.

Thursday 25 June 2015

വായനാവാരം



പി.എന്‍.പണിക്കരുടെ ഓര്‍മദിനമായ ജൂണ്‍ 19 ന്  അസംബ്ലിയില്‍ അദ്ദേഹത്തെ അനുസ്മരിച്ചു. വായനയുടെ ആവശ്യവും ഗുണങ്ങളും അധ്യാപകര്‍ പറഞ്ഞുകൊടുത്തു. പത്രവാര്‍ത്ത ,റാഫിയുടെ വായന, അസംബ്ലിയില്‍
വായിച്ചു. ഉച്ചയ്ക്കുശേഷം  പ്രത്യേകബാലസഭയില്‍  പി.എന്‍.പണിക്കരുടെ ജീവചരിത്രം പരിചയപ്പെടുത്തി.  തുടര്‍ന്ന്
പ്രശസ്ത കഥാകൃത്ത്  ബഷീറിന്റെ  ന്റുപ്പാപ്പയ്ക്കൊരാനേണ്ടാര്‍ന്ന്  എന്ന പുസ്തകത്തിന്റെ ആദ്യഭാഗം കുട്ടികള്‍ക്ക് വായിച്ചുകൊടുത്തു. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. വായനാകുറിപ്പുകള്‍ എഴുതിച്ചു. 25-ന്  വ്യാഴാഴ്ച 
കുട്ടികള്‍ക്ക്  സ്കൂളിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. എച്ച്.എം  ശ്രീമതി രാജേശ്വരിടീച്ചര്‍  കുട്ടികളോട്  സംസാരിച്ചു.

Monday 15 June 2015

യൂണിഫോം വിതരണം

  2015-16 വര്‍ഷത്തെ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ജൂണ്‍ 12ന് വെള്ളിയാഴ്ച സ്കൂളില്‍ നടന്നു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ബഹു. ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ അവര്‍കള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസുവരെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും
എസ്.സി,എസ്.ടി,ബി.പി.എല്‍  ആണ്‍കുട്ടികള്‍ക്കും പുറമേ  പി.ടി.എ സഹായത്തോടെ എ.പി.എല്‍ 
ആണ്‍കുട്ടികള്‍ക്കും രണ്ടുജോഡി യൂണിഫോം വീതം വിതരണം ചെയ്തു.

Saturday 13 June 2015

സംഘാടകസമിതിയോഗം

ജീണ്‍ 12 വെള്ളി,
     എം .എല്‍.എ ഫണ്ടില്‍നിന്നും സ്കൂളിന് ലഭിച്ച  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനപരിപാടിയുമായി ബന്ധ-
പ്പെട്ട സംഘാടകസമിതിയോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക്  2.30 ന്  സ്കൂളില്‍ ചേര്‍ന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട്  ബഹു: ശ്രീ കുന്നൂച്ചി കുഞ്ഞിരാമന്‍ ,പഞ്ചായത്ത് മെമ്പര്‍മാരായ  ശ്രീ ടി നാരായണന്‍,ശ്രീമതി
 ബി .കൈരളി ,മുന്‍ മെമ്പരായ ശ്രീ രാഘവന്‍ വെളുത്തോളി,പി.ടി.എ പ്രസിഡണ്ട് ശ്രീ വി.രാഘവന്‍,നാട്ടിലെ പ്രമുഖ വ്യക്തികള്‍,കുടുംബശ്രീ അംഗങ്ങള്‍,പ്രവര്‍ത്തകസമിതി-മാതൃസമിതി അംഗങ്ങള്‍ ,വിവിധ ക്ലബ്ബ് ഭാരവാഹികള്‍,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ശ്രീ ടി.നാരായണന്റെ അധ്യക്ഷതയില്‍  സീനിയര്‍ 
അസിസ്റ്റന്റ്  ശ്രീ വാസുദേവന്‍മാഷ്  സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട്  മുഖ്യഭാഷണം നടത്തി.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിച്ച്  നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ശ്രീ രാഘവന്‍ വെളുത്തോളി,ശ്രീമതി ബി.കൈരളി,ശ്രീ ടി.അശോക് കുമാര്‍,ശ്രീ വി.രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കുശേഷം യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു.
ശ്രീമതി പ്രേമലത പരിപാടിക്ക് നന്ദി പറഞ്ഞു.


എസ്.ആര്‍.ജി യോഗം

        ജൂണ്‍ 11 വ്യാഴം
          രാവിലെതന്നെ  ബി.ആര്‍.സി ട്രെയിനര്‍ ശ്രീ രാധാകൃഷ്ണന്‍സാര്‍ സ്കൂളില്‍ വന്നു.പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തി. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ വാസുദേവന്‍ മാഷിന്റെ അധ്യക്ഷതയില്‍ യോഗം
ചേര്‍ന്നു.ഓരോ ക്ലാസിലേയുംസ്ഥിതിയും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും അധ്യാപകര്‍ക്ക്  ആവശ്യമായ നിര്‍-
ദ്ദേശങ്ങള്‍ തരികയും ചെയ്തു.

പരിസ്ഥിതി ദിനാചരണം

       ജൂണ്‍ 5 ലോകപരിസ്ഥിതിദിനം 
              രാവിലെ തന്നെ സ്കൂള്‍ അസംബ്ലി കൂടി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും നമ്മുടെ 
പരിസ്ഥിതിയെ നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചു.
ഉച്ചയ്ക്കുശേഷം പ്രത്യേകബാലസഭയില്‍ കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. തുടര്‍ന്ന്  കുട്ടികള്‍ക്ക്  വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ടും സ്കൂള്‍വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടും പി.ടി.എ പ്രസിഡണ്ട്
ശ്രീ വി.രാഘവന്‍ ദിനാചരണം  ഔപചാരികമായി ഉദ്ഘാടനം ചെയ്തു.


Saturday 6 June 2015

പ്രവേശനോത്സവം

             പ്രവേശനോത്സവം  2015-16
  ഈ വര്‍ഷത്തെ പ്രവേശനോത്സവം വളരെ വിപുലമായിത്തന്നെ ഞങ്ങള്‍ ആഘോഷിച്ചു.നാട്ടുകാരുടേയും
,തരംഗം,ചെഗ്വേര തുടങ്ങിയ ക്ലബ് അംഗങ്ങളുടേയും പഞ്ചായത്ത് പ്രതിനിധികളുടേയും നാട്ടിലെ മറ്റു പ്രമുഖരുടേയും രക്ഷിതാക്കളുടേയും നിറസാന്നിദ്ധ്യം  പരിപാടിയെ നാടിന്റെ ഉത്സവമാക്കി മാറ്റി.രാവിലെ
പത്തുമണിയോടെതന്നെ അറിവിന്റെ അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്ന കൊച്ചുകുരുന്നുകള്‍ക്കുള്ള
വരവേല്‍പ്പായിരുന്നു. ബലൂണുകളും,മധുരപലഹാരങ്ങളും നല്‍കി  കടലാസ്  തൊപ്പിയണിയിച്ചുകൊണ്ട്
പ്രവേശനോത്സവഗാനം പാടി,കൈകൊട്ടി ആര്‍പ്പുവിളിച്ചു കൊണ്ട് കൊച്ചുകൂട്ടുകാരെ സ്കൂളിലേക്ക്  
ആനയിച്ചു.ബേക്കല്‍ ഉപജില്ലാവിദ്യാഭ്യാസ  ഓഫീസര്‍  ശ്രീ രവിവര്‍മന്‍ സാറിന്റേയും പള്ളിക്കര ഗ്രാമപഞ്ചായത്ത്  മെമ്പര്‍മാരായ  ശ്രീ ടി.നാരായണേട്ടന്റേയും ശ്രീമതി  ബി.കൈരളിയുടേയും 
സാന്നിദ്ധ്യം വരവേല്‍പ്പിന് മാറ്റുകൂട്ടി.തുടര്‍ന്ന്  നടന്ന യോഗത്തില്‍ പ്രാര്‍ഥനയ്ക്കുശേഷം സ്കൂള്‍ ഹെഡ്മിസ്ട്രസ്
ശ്രീമതി പി.ബേബി സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ശ്രീമതി  പി.ഗംഗയുടെ അധ്യക്ഷതയില്‍ ശ്രീ ടി.നാരായണന്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തരംഗം ക്ലബ് വക  കുട്ടികള്‍ക്ക്



ബേഗ്, പി.ടി.എ വക നോട്ടുബുക്ക്,അധ്യാപകരുടെ വകയായി സ്ലേറ്റ്,ക്രയോണ്‍സ്  എന്നിവയും കുട്ടികള്‍ക്ക് വിതരണം  ചെയ്തു. തുടര്‍ന്ന് ശ്രീ പി.ബാലകൃഷ്ണന്‍,ശ്രീ പി.നാരായണന്‍,ശ്രീ അശോക് കുമാര്‍ ,ശ്രീ അജിത്,ശ്രീ വി.രാഘവന്‍,ശ്രീ രൂപേഷ് ,ശ്രീ ജി.അംബുജാക്ഷന്‍ മാസ്റ്റര്‍ തുടങ്ങിയവരും  പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്രീ വാസുദേവന്‍  നമ്പൂതിരി  പരിപാടിക്ക്  നന്ദി പറഞ്ഞു. തുടര്‍ന്ന്  നാട്ടിലെ കലാകാരനായ ശ്രീ ഹരീശന്റെ വകയായി  കുട്ടികള്‍ക്ക്  പാല്‍പ്പായസവും  വിതരണം ചെയ്തു.